കോവിഡാനന്തര പ്രശ്നങ്ങളിൽ ആശങ്ക; സമഗ്രമായ പഠനം നടത്താൻ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് രോഗമുക്തി നേടിയവർ നേരിടുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനത്തിന് ഒരുങ്ങി ആരോഗ്യവകുപ്പ്. കോവിഡാനന്തരം ആളുകളിൽ മുമ്പില്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ പ്രകടമാകുന്ന പശ്ചാത്തലത്തിലാണ് ഇവ കോവിഡ്-19 മായി ബന്ധപ്പെട്ടതാണോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചത്. ഇതിനായി നിലവിലുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വഴി വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
കോവിഡിന് മുമ്പും ശേഷവും കേരളീയർക്കിടയിൽ കാണുന്ന ആരോഗ്യപ്രശ്നങ്ങളെ വേർതിരിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത ചില വസ്തുതകളുണ്ടെന്നാണ് വിലയിരുത്തൽ.
ജീവിതശൈലി രോഗം ബാധിച്ച പലർക്കും കോവിഡ് വന്നുപോയ ശേഷം ആരോഗ്യാവസ്ഥ കൂടുതൽ മോശമായിട്ടുണ്ട്. എന്നിരുന്നാലും, ജീവിതശൈലി രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കോവിഡ് കാരണമായിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണത്തിൽ കാണുന്ന നേരിയ വർദ്ധനവ് കോവിഡുമായി ബന്ധപ്പെട്ടതാണോയെന്ന് വിശദമായ പഠനത്തിന് ശേഷമേ വ്യക്തമാകൂ. കോവിഡ്-19 രോഗമുക്തി നേടിയവരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. വിട്ടുമാറാത്ത ചുമ, ഹൃദ്രോഗങ്ങൾ, പനി, ക്ഷീണം, പേശിവേദന, സന്ധിവേദന, നടുവേദന, മറവി, ഉറക്കക്കുറവ് എന്നിവ കോവിഡ്-19 ൽ നിന്ന് സുഖം പ്രാപിച്ചവരിൽ കൂടുതലായി കാണപ്പെടുന്ന ചില പ്രശ്നങ്ങളാണ്. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് കൂടുതലും പ്രകടമാവുന്നത്.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ ചികിത്സ തേടുന്നവരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രീയ പഠനം നടത്താനാണ് പദ്ധതി. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ വൈറസ് വരുത്തിയ മാറ്റങ്ങൾ എന്താണെന്ന് ഇതുവരെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല. ഈ കാര്യങ്ങളും കണ്ടെത്താൻ പഠനം ലക്ഷ്യമിടും.