സമ്മേളനം തുടരുകയാണ്, നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനം തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഗവർണറുടെ പ്രസംഗം തയ്യാറാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ നിർദേശം നൽകി. ബജറ്റിന് മുമ്പല്ലെങ്കിലും അതിന് ശേഷം നയപ്രഖ്യാപനം വേണ്ടിവരും. ഗവർണറുമായി ഒത്തുതീർപ്പ് സാധ്യമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. പുതുവർഷത്തിന്‍റെ ആദ്യ സമ്മേളനം ചേരുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

കഴിഞ്ഞ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനാൽ, അടുത്ത മാസത്തെ സമ്മേളനം ഈ സമ്മേളനത്തിന്‍റെ തുടർച്ചയായി പരിഗണിക്കും. ഈ സമ്മേളനത്തിന്‍റെ തുടർച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മാറ്റിവയ്ക്കാം. എന്നാൽ അടുത്ത സമ്മേളനം ചേരുമ്പോൾ നയപ്രഖ്യാപന പ്രസംഗം നടത്തണം.