സംസ്ഥാനത്തിൻ്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി വിൽപ്പനയിൽ ആശയക്കുഴപ്പം. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നൽകിയിരിക്കുന്ന സമ്മാന ഘടന വ്യത്യസ്തമാണ്. വിൽപ്പനക്കാർക്ക് നൽകുന്ന കമ്മിഷൻ തുകയും കുറച്ചിട്ടുണ്ട്. ആശയക്കുഴപ്പം പരിഹരിച്ച ശേഷം ടിക്കറ്റ് വിറ്റാൽ മതിയെന്നാണ് ലോട്ടറി തൊഴിലാളികളുടെ നിലപാട്.

വൻ വിജയമായ ഓണം ബമ്പർ ലോട്ടറിക്ക് പിന്നാലെയാണ് ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പർ വിപണിയിലെത്തിക്കുന്നത്. 400 രൂപയാണ് വില. ഒന്നാം സമ്മാനം 16 കോടി രൂപയാണ്. തൊണ്ണൂറ് ലക്ഷം ടിക്കറ്റുകൾ ആണ് ഇറക്കുക. മൊത്തം 281 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 500 രൂപയ്ക്ക് വിറ്റ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. എന്നാൽ വെറും 100 രൂപ കുറവുള്ള ക്രിസ്മസ്-പുതുവത്സര ബമ്പറിന് 16 കോടി രൂപ മാത്രമാണ് സമ്മാനം. ഗസറ്റ് വിജ്ഞാപനത്തിൽ ആറ് സീരീസ് എന്നാണ് പറയുന്നതെങ്കിലും ടിക്കറ്റ് 10 സീരീസിലുണ്ട്.

വിജ്ഞാപനം അനുസരിച്ച്, ഓരോ സീരീസിലും രണ്ടുവീതം രണ്ടാം സമ്മാനമുണ്ടാകും. എന്നാൽ ടിക്കറ്റിലെ ഓരോ സീരീസിലും ഓരോ സമ്മാനമാണ്. അവസാന നാല് അക്കത്തിന് അയ്യായിരം രൂപയെന്നതിനു പകരം അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍. ഇതിനുപുറമെ, വിൽപ്പനക്കാർക്ക് നൽകുന്ന കമ്മിഷൻ മൂന്ന് രൂപയിലധികം കുറച്ചിട്ടുണ്ട്. അച്ചടിയിലുണ്ടായ പിശകെന്നാണ് ലോട്ടറി വകുപ്പിന്‍റെ വിശദീകരണം.