രാജ്യസഭയിൽ കേന്ദ്രമന്ത്രിമാർക്ക് പ്രശംസ; വഹാബിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ സംസാരിച്ച എം പി പി വി അബ്ദുൾ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. രാജ്യസഭയിൽ എംപി നടത്തിയ പരാമർശങ്ങളോട് പാർട്ടിക്ക് യോജിപ്പില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പ്രശംസിച്ച് മുസ്ലിം ലീഗ് അംഗം പി വി അബ്ദുൾ വഹാബ് രാജ്യസഭയിൽ സംസാരിച്ചിരുന്നു. നൈപുണ്യ വികസനത്തിനായി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്ന് വഹാബ് പറഞ്ഞിരുന്നു. എന്നാൽ ഇതിനായി ധനമന്ത്രാലയം കൂടുതൽ പണം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളത്തിന്‍റെ അംബാസഡറാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ മുരളീധരൻ കേരളത്തിൽ വരുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും വഹാബ് കൂട്ടിച്ചേർത്തു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് മുരളീധരൻ ശ്രമിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.