അടുത്ത അഞ്ച് മാസം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകും: കെ സി വേണുഗോപാൽ

ന്യൂ ഡൽഹി: അടുത്ത അഞ്ച് മാസത്തേക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെ സംഘടനാപരമായി പുനരുജ്ജീവിപ്പിക്കുന്നതിനും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുമാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാത്ര നയിക്കുന്നത് താനാണെന്ന് പ്രചരിപ്പിക്കരുതെന്ന് രാഹുൽ ഗാന്ധി പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ഇത് കോണ്‍ഗ്രസന്റെ യാത്രയാണ്. ഇതിന് രാഹുലിന്റെ നേതൃത്വവും സാന്നിധ്യവും അനിവാര്യമാണ് എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി പാർട്ടി തീരുമാനം അംഗീകരിച്ചു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി പങ്കെടുക്കും. ഇതിനിടയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്നുള്ള യാത്രയില്‍ പുതിയ പ്രസിഡന്റിന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും പാര്‍ട്ടി സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി തന്നെ നയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.