ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതിഷേധം ശക്തമാവുന്നു. ചിദംബരം, ജയ്‌റാം രമേശ്, ഗഹ്ലോത്ത്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധിക്കുന്ന പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സോണിയാ ഗാന്ധിയെ പിന്തുണച്ച് പാർട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ്‌ എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി കോൺഗ്രസ്‌ വക്താവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

പോലീസ് വാഹനത്തിൽ വെച്ച് പങ്കുവച്ച വീഡിയോയിൽ, പോലീസ് അജ്ഞാത സ്ഥലത്തേക്ക് തങ്ങളെ കൊണ്ടുപോകുകയാണെന്ന് തരൂർ പറഞ്ഞു. മറ്റ് രണ്ട് ബസുകളിൽ കോൺഗ്രസ്‌ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സർക്കാർ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിൽ താൻ വളരെ നിരാശനാണെന്നും ശശി തരൂർ പറഞ്ഞു.