സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി മോദിയും
ന്യൂഡൽഹി: മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജൻമദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച 76-ാം പിറന്നാൾ ആഘോഷിക്കുന്ന സോണിയാ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘സോണിയയുടെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല, ശശി തരൂർ എംപി എന്നിവർ ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. ജന്മദിനാഘോഷങ്ങൾക്കായി സോണിയ ഗാന്ധി കഴിഞ്ഞ ദിവസം, മകൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന രാജസ്ഥാനിലെത്തിയിരുന്നു. രൺതംബോറിലെ ഷെർബാഗ് ഹോട്ടലിലാണ് സോണിയ താമസിക്കുന്നത്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. സോണിയയുടെ ജൻമദിനം ഇവിടെ ആഘോഷിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.