തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും’; സീറ്റുകളെണ്ണി രേവന്ത്

ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ മനോഭാവം കോൺഗ്രസിന് അനുകൂലമാണെന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്ന് തെലങ്കാന കോൺഗ്രസ്‌ പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി പറഞ്ഞു. “ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം ഉണ്ടാകാം, പക്ഷേ എല്ലാ സർവേകളും, പ്രത്യേകിച്ച് പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് നടത്തിയ സർവ്വേ, ടിആർഎസിന് 25 സീറ്റുകൾ മാത്രമേ നേടാൻ കഴിയൂവെന്നും 17 സീറ്റുകളിൽ കടുത്ത മത്സരം നേരിടേണ്ടിവരുമെന്നും കാണിക്കുന്നു,” അദ്ദേഹം പറഞ്ഞു.

32 സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌, 23 മണ്ഡലങ്ങളിൽ നേർക്കുനേർ പോരാട്ടം കാഴ്ചവെക്കും. ബിജെപിക്ക് 6-8 സീറ്റുകളിൽ വിജയിക്കാനും 8-9 സീറ്റുകളിൽ മത്സരം നേരിടാനും കഴിയും. എഐഎംഐഎമ്മിൻ 5 സീറ്റുകൾ ലഭിക്കുമെന്നും മറ്റ് രണ്ട് സീറ്റുകളിൽ മുന്തൂക്കം നേടുമെന്നും രേവന്ത് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.

ടിആർഎസും ബിജെപിയും ഒരുമിച്ച് നിന്നാലും ഞങ്ങളെ അധികാരത്തിൽ വരുന്നതിൽ നിന്ന് തടയാൻ അവർക്ക് കഴിയില്ല. സാധ്യമായ ഏത് വിധേനയും ടിആർഎസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കാത്തിരിക്കുകയാണ്. തെലങ്കാനയിലെ ജനങ്ങൾ ഇതുവരെ ബിജെപിയെ കൂടുതൽ അടുപ്പിച്ചിട്ടില്ല, രേവന്ത് പറഞ്ഞു.