മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി കോൺഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത വിജയമുണ്ടാക്കി കോൺഗ്രസ്. ബി.ജെ.പി മുന്നിലാണെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ കമൽനാഥ് വീണ്ടും ശക്തനായി മാറി. എഎപിയും ചിലയിടങ്ങളിൽ വിജയിച്ചിട്ടുണ്ട്. പലയിടത്തും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിന്‍റെ മുഴുവൻ ഫലങ്ങളും പുറത്തുവിട്ടിട്ടില്ല.

മറുവശത്ത്, ബിജെപി ആദ്യ ഘട്ടത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും നിർണായക ശക്തികേന്ദ്രങ്ങളെല്ലാം നഷ്ടപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രം ജയിച്ചത് കോൺഗ്രസാണ്. 50 വർഷത്തിന് ശേഷമാണ് ഈ വിജയം.

ബി.ജെ.പിയും കോൺഗ്രസും രണ്ട് മേയർ സീറ്റുകൾ നേടി. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും മേയർ സ്ഥാനം നേടി. രണ്ടാം ഘട്ടത്തിൽ പോരാട്ടം നടക്കുകയാണ്. ഒൻപത് മേയർ സ്ഥാനങ്ങളാണ് ബിജെപി ഇതുവരെ നേടിയത്. കോണ്‍ഗ്രസിന് അഞ്ചിടത്തും മേയര്‍ പോസ്റ്റുകളുണ്ട്. എഎപിക്കും സ്വതന്ത്രനും ഓരോ മേയറുണ്ട്. രണ്ടാം ഘട്ടത്തിൽ ബിജെപിയുമായുള്ള വിടവ് നികത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കമൽനാഥും കോൺഗ്രസും ദുർബലരാണെന്ന് കരുതിയിടത്ത് നിന്നാണ് കുതിച്ചു ചാടിയത്.