രാഹുലിനെ വിമര്‍ശിച്ച സ്മൃതിക്ക് പുതിയ കണ്ണട വാഗ്‌ദാനം ചെയ്ത് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് മറുപടി നൽകി കോൺഗ്രസ്. കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽ നിന്ന് രാഹുൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഇതിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സ്വാമി വിവേകാനന്ദനെ രാഹുൽ അവഗണിച്ചുവെന്ന് ആരോപിച്ച് സ്മൃതി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയും വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ രാഹുൽ ആദരവ് അർപ്പിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സ്വാമി വിവേകാനന്ദന്‍റെ പ്രതിമയ്ക്ക് മുന്നിൽ രാഹുൽ കൈകൾ കൂപ്പി ആദരവ് അർപ്പിക്കുന്നത് വീഡിയോയിൽ കാണാം.

സ്മൃതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് രൂക്ഷവിമര്‍ശനവുമായി ജയ്‌റാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. “കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തതയോടെ കാണാന്‍ മിസിസ് ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെങ്കില്‍, അത്തരത്തിലൊന്ന് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്”- ജയ്‌റാം രമേശ് പറഞ്ഞു.