കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; കെ എൻ ത്രിപാഠിയുടെ പത്രിക തള്ളി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കെ എൻ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ത്രിപാഠി ഒറ്റ സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി.

മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ എൻ ത്രിപാഠി എന്നിവരാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഖാർഗെ 14 സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളുകയായിരുന്നു. 

അതേസമയം, എഐസിസി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ സംസ്ഥാന നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അതേസമയം, പിന്തുണ ഖാർഗെയ്ക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തരൂർ.