കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും
ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയായി മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും. ഖാർഗേയോട് മത്സരിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് വിവരം. മുകുൾ വാസ്നിക്കിന്റെയും കുമാരി ഷെൽജയുടെയും പേരുകൾ പരിഗണിച്ച ശേഷമാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് സോണിയ ഗാന്ധി എത്തിയത്. നിലവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് മല്ലികാർജുൻ ഖാർഗെ. മല്ലികാർജുൻ ഖാർഗേയുടെ സ്ഥാനാർത്ഥിത്വത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണയും ഉണ്ട്. ദിഗ്വിജയ സിംഗിനും ശശി തരൂരിനും ഒപ്പമാകും മല്ലികാർജുൻ ഖാർഗയും മത്സരരംഗത്ത് ഉണ്ടാവുക.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ് . ദ്വിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കും. ജി 23 നേതാക്കളിൽ ഒരാളും മത്സരിക്കുമെന്ന് സൂചനയുണ്ട്. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധിക്കെതിരെ അന്ന് ജിതേന്ദ്രപ്രസാദയാണ് മത്സരിച്ചത്.
ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാനാവും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ് നടക്കുക.