കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വിജയപ്രതീക്ഷ പങ്കുവച്ച് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് ശശി തരൂർ. 10 സംസ്ഥാനങ്ങളിൽ നേരിട്ട് പോയി പ്രവർത്തകരെ കണ്ടു. സന്ദേശം എല്ലാവരിലേക്കും എത്തിയിട്ടുണ്ടെന്ന് കരുതുന്നു. 16 ദിവസം കൊണ്ട് സാധ്യമായതെല്ലാം ചെയ്തു. ബാക്കി വോട്ടർമാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചപ്പോൾ, ഈ തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്തുവെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ നിലപാട് നിഷ്പക്ഷമാണെന്ന് ഗാന്ധി കുടുംബം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. അതുകൊണ്ടാണ് തങ്ങളുടെ നിലപാട് പരസ്യമാക്കാൻ പലർക്കും പ്രയാസം.

ഗസ്റ്റ് ആർട്ടിസ്റ്റ്, ട്രെയിനി എന്നൊക്കെ പലരും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അത് അവരുടെ അഭിപ്രായപ്രകടനമാണ്. അതിനെക്കുറിച്ച് ഒന്നും പറയാനില്ല. പാർട്ടിയുടെ നേട്ടത്തിനായാണ് താൻ തിരഞ്ഞെടുപ്പിലേക്കിറങ്ങിയത്. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാൻ തനിക്ക് കഴിയും. പദവിക്കും അധികാരത്തിനും വേണ്ടിയല്ല മത്സരിക്കുന്നത്. പാർട്ടിക്കും രാജ്യത്തിനും വേണ്ടിയാണ്. ബാക്കി പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.