കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും
തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും. കെ.പി.സി.സി അംഗങ്ങളുമായി ശശി തരൂർ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്നത് തുടരുകയാണ്. അതേസമയം, കെ സുധാകരൻ, വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളാരും ഇന്ന് തിരുവനന്തപുരത്ത് ഇല്ല. ഖാർഗെയെ പരസ്യമായി പിന്തുണച്ച മുതിർന്ന നേതാക്കളെ കണ്ട് തരൂർ ഇനി വോട്ട് ചോദിക്കില്ല.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് കെ.പി.സി.സി പ്രസിഡന്‍റ് ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ തരൂരിന് അതൃപ്തിയുണ്ട്. യുവാക്കളുടെ വോട്ടിലാണ് തരൂരിന്റെ പ്രതീക്ഷ. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പി.സി.സികൾ നിലപാട് പ്രഖ്യാപിക്കുന്നതിലും ശശി തരൂരിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശകൾ അട്ടിമറിക്കപ്പെടുന്നതായി തരൂർ ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തും.
പ്രചാരണത്തിനാവശ്യമായ സൗകര്യങ്ങൾ പി.സി.സികൾ ഒരുക്കണമെന്ന നിർദേശം ലംഘിക്കുന്നതും, പ്രധാന നേതാക്കൾ അകന്ന് നിൽക്കുന്നതും തരൂരിന് ക്ഷീണമായിട്ടുണ്ട്. അതേസമയം, മല്ലികാർജ്ജുൻ ഖാർഗെ നേരിട്ട് പി.സി.സികളുടെ പിന്തുണ ഉറപ്പിച്ചു തുടങ്ങി. സംസ്ഥാന നേതാക്കളെ ഫോണിൽ വിളിച്ച് പിന്തുണ തേടുന്ന ഖാർഗെ, ഹൈക്കമാൻഡ് സ്ഥാനാർത്ഥി താനാണെന്ന് താഴേത്തട്ടിലുള്ളവരെയും അറിയിക്കുന്നുണ്ട്.