കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എ.ഐ.സി.സി, പി.സി.സികളിലായി സജ്ജീകരിച്ച 67 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ തുടരും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വോട്ട് ചെയ്യാൻ ഒരു ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും ഇത് പ്രവർത്തകരുടെ ദിനമാണെന്നും ശശി തരൂർ പറഞ്ഞപ്പോൾ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
രാവിലെ 10 മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് രേഖപ്പെടുത്തി. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. കോൺഗ്രസിലെ ജനാധിപത്യത്തിന്‍റെ തെളിവും ഐതിഹാസിക മുഹൂർത്തവുമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്നാണ് പി ചിദംബരം പ്രതികരിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, രാഘവൻ, മുരളീധരൻ എന്നിവർ കെ.പി.സി.സി ആസ്ഥാനത്ത് സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മണ്ഡലത്തിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥി തരൂർ ആണെന്നും എന്നാൽ ഖാർഗെയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് തരൂർ പിൻമാറണമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. തരൂരിനെ പിന്തുണയ്ക്കുന്നവർ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഖാർഗെയ്ക്കാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ തരൂരിനാണ് തന്‍റെ പിന്തുണയെന്ന് എം.കെ രാഘവൻ എം.പി പ്രതികരിച്ചു. മുംബൈയിൽ പിസിസി പ്രസിഡന്‍റ് നാനാ പട്ടോലെ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെ എന്നിവർ വോട്ട് രേഖപ്പെടുത്തി.