ഖാര്‍ഗെയും തരൂരും സോണിയയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, സോണിയ ഗാന്ധി എന്നിവർ ഒരുമിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ച് കോൺഗ്രസ്. ഫോട്ടോയിൽ ഒറ്റനിരയിലുള്ള മൂന്നു കസേരകള്‍ ഉണ്ട്. നടുവിൽ ഇപ്പോഴത്തെ എ.ഐ.സി.സി. പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ഒരു വശത്ത് കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഖാർഗെയെ നേരിട്ട ശശി തരൂരും മറുവശത്ത് മുൻ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും. കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രം വൈറലായിരിക്കുകയാണ്.

‘ജനാധിപത്യം സിന്ദാബാദ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. മാത്രമല്ല, ഈ ചിത്രവും ട്വീറ്റും പിൻ ചെയ്തിട്ടുമുണ്ട്. മൂന്ന് നേതാക്കളും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ചിത്രത്തിൽ കാണാം. കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വേളയിലും ഫലപ്രഖ്യാപനത്തിന് ശേഷവും തരൂരിനെതിരെ രൂക്ഷമായി പ്രതികരിച്ച കൊടിക്കുന്നിൽ സുരേഷിനെയും ഫോട്ടോയിൽ കാണാം. രണ്ടാം നിരയിലാണ് അദ്ദേഹമുള്ളത്.