കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ്; എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ എതിർക്കില്ലെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസിന്‍റെ പരമോന്നത ഘടകമായ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. അതേസമയം, എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഖാർഗെ ഇന്ന് നെഹ്റു കുടുംബവുമായി ചർച്ച നടത്തിയേക്കും.

മല്ലികാർജുൻ ഖാർഗെ നാളെ എഐസിസി പ്രസിഡന്‍റായി ചുമതലയേൽക്കും. പ്രവർത്തക സമിതിയുടെ പുനഃസംഘടനയും വരാനിരിക്കുന്ന പ്ലീനറി സെഷനും സംഘടനയ്ക്കുള്ളിൽ ഖാർഗെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകളും ഇതിനിടയിൽ നടക്കും. 

അതേസമയം മഹിളാ കോൺഗ്രസിന്‍റെ കേരള ഘടകം ഉടൻ പുനഃസംഘടിപ്പിക്കും. മഹിളാ കോൺഗ്രസിന്‍റെ പുനഃസംഘടനയ്ക്ക് ദേശീയ സമിതി അംഗീകാരം നൽകി. കമ്മിറ്റി അംഗങ്ങളുടെ എണ്ണം പകുതിയായി കുറച്ചായിരിക്കും പുനഃസംഘടന. അഞ്ച് ഘട്ടങ്ങളിലായി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. നിലവിലെ മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് സാധ്യത.