ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ഇടനിലക്കാരൻ ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്‍റെ സുഹൃത്ത് ഇബ്രാഹിമിന്‍റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിൽ ഇബ്രാഹിമിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇടനിലക്കാരനായി ഇടപെട്ട് ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ ആരോപണം. എന്നാൽ ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്നാണ് ഷാജ് കിരൺ അന്വേഷണ സംഘത്തോട് പറഞ്ഞത്.

സ്വപ്നയെയും ഷാജ് കിരണിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഫോൺ രേഖകളും ഓഡിയോ റെക്കോർഡിംഗുകളും വീണ്ടെടുക്കുന്നതിനായി ഇവ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.