സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരും ഗവർണറും തമ്മിലുള്ള പോര് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറും സർക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോൾ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കേരളത്തിൽ ഗവർണർ സർക്കാർ പറയുന്നത് ചെയ്യുമ്പോൾ നല്ല മനുഷ്യനായി മാറുകയും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോൾ ബിജെപി-ആർഎസ്എസ് വക്താവായി മാറുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ ഇടനിലക്കാർ ഉള്ളതുപോലെ മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിൽ ഇടനിലക്കാരുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ വാദം ഇപ്പോൾ ശരിയായായെന്നും വി.ഡി സതീശൻ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി, സർവകലാശാല നിയമഭേദഗതി, മിൽമ യൂണിയൻ ഭേദഗതി എന്നിവയിൽ ഗവർണർ ഒപ്പിടരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അധാർമ്മികവുമാണ്. ലോകായുക്ത ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണർ അതിൽ ഒപ്പുവെച്ചു. ഇപ്പോൾ ഗവർണർ ബില്ലിൽ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്‍റെ നിലപാട് എല്ലായ്പ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയെക്കുറിച്ച് സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല. വർഗീയതയ്ക്കും ഫാസിസത്തിനും എതിരായാണ് കോൺഗ്രസ് പദയാത്ര. സംഘപരിവാറിനെതിരെ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ കേരളത്തിലെ സി.പി.എം. നേതൃത്വം അസ്വസ്ഥമാകുന്നത് എന്തിനാണ്? കോൺഗ്രസിന്‍റെ ജാഥ ഏത് സംസ്ഥാനത്ത് എത്ര ദിവസം പോകണമെന്ന് തീരുമാനിക്കേണ്ടത് എകെജി സെന്ററില്‍ നിന്നോ എകെജി ഭവനില്‍ നിന്നോ അല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.