ഭരണഘടനാവ്യവസ്ഥകള്‍ നിയമത്തെ മറികടക്കുമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഭേദഗതി ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അപകടകരമാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു . 17 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഒപ്പിട്ട പ്രസ്താവനയിൽ സുപ്രീം കോടതിയുടെ തീരുമാനം വളരെ അപകടകരമാണെന്ന് വിശേഷിപ്പിച്ചിരുന്നു.

അപകടകരമായ ഈ വിധി അധികകാലം നിലനിൽക്കില്ലെന്നും ഭരണഘടനാ വ്യവസ്ഥകൾ നിയമത്തെ മറികടക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ്സ് ,തൃണമൂൽ കോൺഗ്രസ് ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഐ(എം), സമാജ്വാദി പാർട്ടി, ആർജെഡി തുടങ്ങി 17 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.

ഇ.ഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്നതിനെ ചോദ്യം ചെയ്തുള്ള 250 ഓളം ഹർജികൾ തള്ളിക്കൊണ്ട് ജൂലൈ 27 ന് സുപ്രീം കോടതി പിഎംഎൽഎ നിയമത്തിലെ ഭേദഗതി ശരിവച്ചു. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉൾപ്പെടെ ഇഡിക്ക് നൽകിയ അധികാരം ദുരുപയോഗം ചെയ്യാമെന്ന വാദം കോടതി തള്ളിയിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചില പ്രതിപക്ഷ പാർട്ടികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇ.ഡിക്ക് കൂടുതൽ അധികാരം നൽകുന്നത് രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി ഉപയോഗിക്കാമെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്ന് ഇത്തരമൊരു ഉത്തരവ് വന്നതിൽ അങ്ങേയറ്റം നിരാശയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു.