വിഴിഞ്ഞം തുറമുഖ നിർമ്മാണം; ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്ന് അതിരൂപത കോടതിയോട് ആവശ്യപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് അപകടമാണെന്ന വാദം ലത്തീൻ അതിരൂപത കോടതിയിൽ ഉന്നയിക്കും. നാളെ അതിരൂപത ഹൈക്കോടതിയിൽ ഹർജി നൽകും.

അതേസമയം വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ലത്തീൻ അതിരൂപത പ്രതിനിധികൾ ഇന്ന് എത്തിയില്ല. സമരസമിതിയെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ വിശദീകരണം. എന്നാൽ ഇന്നലെ തന്നെ സമരസമിതി അംഗങ്ങൾക്ക് ചർച്ചയുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സമരസമിതി ചർച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ഏകപക്ഷീയമായി തടയാൻ കഴിയില്ലെന്ന് മന്ത്രി ആവർത്തിച്ചു. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്താൻ സർക്കാർ തയ്യാറാണ്. പോസിറ്റീവായ നിലപാടാണ് സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നിട്ടും സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയാണോ എന്ന് സമരക്കാര്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.