കോടതിയലക്ഷ്യ കേസ്; വിജയ് മല്ല്യയുടെ ശിക്ഷ വിധിച്ചു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസിൽ മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് സുപ്രീം കോടതി നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നാലാഴ്ചയ്ക്കകം പലിശ സഹിതം 40 ദശലക്ഷം യുഎസ് ഡോളർ നൽകണമെന്നും കോടതി നിർദേശം നൽകി. ഈ തുക അടച്ചില്ലെങ്കിൽ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളുമായി ബാങ്കുകൾക്ക് മുന്നോട്ട് പോകാമെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമർപ്പിച്ച ഹർജിയിലാണ് വിധി. മല്യ വിവിധ ബാങ്കുകൾക്ക് 6,400 കോടി രൂപ നൽകണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിനെതിരെയാണ് കോടതിയലക്ഷ്യ കേസ്. 2017ൽ കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. കോടതിയിൽ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യ അതിന് വിസമ്മതിച്ചു. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമനടപടികൾ ലണ്ടനിൽ നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.