മന്ത്രിക്കെതിരായ കോടതിയലക്ഷ്യ നടപടി; അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ച് അറ്റോര്‍ണി ജനറൽ 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി. ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ അപേക്ഷയാണ് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി തള്ളിയത്. ബിന്ദുവിന്‍റെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെയുള്ള വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ പരാമർശങ്ങൾ അപകീർത്തികരവും സുപ്രീം കോടതിയെ അവഹേളിക്കുന്നതുമാണെന്ന് അറ്റോർണി ജനറലിന് നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. നവംബർ 18ന് കൊച്ചിയിൽ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.

അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ മന്ത്രി നടത്തുന്ന അഭിപ്രായ പ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15 (1) (ബി) പ്രകാരം ബിന്ദുവിന്‍റെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോർണി ജനറൽ അപേക്ഷ തള്ളിയത്.