ഒടിടി ആപ്പുകളുടെ ഉള്ളടക്ക നിയന്ത്രണം; ബില്ലിന്റെ പുതിയ പതിപ്പ് ഉടൻ
ന്യൂഡല്‍ഹി: ഓവർ-ദി-ടോപ്പ് (ഒടിടി) ആപ്ലിക്കേഷനുകളുടെയും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെയും ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിന് ടെലികോം ബില്ലിന്‍റെ പുതുക്കിയ കരട് മന്ത്രാലയം ഒരു മാസത്തിനുള്ളിൽ പുറത്തിറക്കും.
സെപ്റ്റംബർ 22ന് ടെലികോം മന്ത്രാലയം ടെലികോം ബില്ലിന്‍റെ കരട് പുറത്തിറക്കിയെങ്കിലും ഒടിടി നിയന്ത്രണങ്ങളിൽ അവ്യക്തതകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്. കരട് ബില്ലിന്‍റെ ഷെഡ്യൂൾ രണ്ട് പ്രകാരം സോഷ്യൽ റേഡിയോ സ്റ്റേഷനുകൾ, ഡിടിഎച്ച്, ഐപിടിവി സേവനങ്ങൾ, സ്വകാര്യ ഏജൻസികളുടെ എഫ്.എം. റേഡിയോ പ്രക്ഷേപണം എന്നിവയ്ക്കെല്ലാം ലൈസൻസ് ആവശ്യമാണ്.
എന്നിരുന്നാലും, ബില്ലിൽ ഒടിടി ആപ്ലിക്കേഷനുകൾക്കും പ്രക്ഷേപണ സേവനങ്ങൾക്കും വ്യക്തമായ നിർവചനമില്ല. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും മറ്റ് സ്ട്രീമിംഗ് സേവനങ്ങളും ഉൾപ്പെടെ എല്ലാത്തരം ആപ്ലിക്കേഷനുകളും ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ പരിധിയിൽ വരുമെന്ന ആശങ്കയുമുണ്ട്. എല്ലാ ആശയക്കുഴപ്പങ്ങളും പുതുക്കിയ ബില്ലിൽ വ്യക്തമായി നിർവചിക്കുമെന്ന് അധികൃതർ അറിയിച്ചു.