ബൈക്ക് യാത്രക്കാരന്‍റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവത്തിൽ കരാറുകാരനെ അറസ്റ്റ് ചെയ്തു

ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറെടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മുന്നറിയിപ്പ് ബോർഡില്ലാതെ റോഡിന് കുറുകെ കയർ കെട്ടിയതിനും അശ്രദ്ധമായി അപകടങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ പൊതുമരാമത്ത് ജോലികൾ നടത്തിയതിനുമാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണച്ചുമതലയുള്ള അസിസ്റ്റന്‍റ് എൻജിനീയർക്കെതിരെ കേസെടുത്തു. ബൈക്ക് യാത്രികനായ ജോണിയുടെ പരാതിയിൽ തൊടുപുഴ പൊലീസും കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ട്. കരാറുകാരന് വീഴ്ച സംഭവിച്ചതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായി.