സഭ ടിവിയുടെ കരാറില്‍ നിന്ന് വിവാദ കമ്പനി ബിട്രെയിറ്റിനെ ഒഴിവാക്കി

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ സഭ ടിവി പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്വകാര്യ കമ്പനിയെ പൂർണ്ണമായും ഒഴിവാക്കി ഒടിടി ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ നിയമസഭയിലെ ഐടി വകുപ്പ് ഏറ്റെടുക്കും. സോഷ്യൽ മീഡിയ കൺസൽട്ടൻറ് ഉൾപ്പെടെ ആറ് തസ്തികകളിലേക്ക് നിയമനത്തിന് സഭ ടിവി അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകളുടെ ഗുണനിലവാരം മുതൽ ഡോക്യുമെന്‍ററി, വെബ് വീഡിയോ നിർമ്മാണം എന്നിവയ്ക്കെല്ലാം ചെലവഴിച്ച തുക വരെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമും സോഷ്യൽ മീഡിയ മാനേജ്മെന്‍റും ബിട്രെയിറ്റ് എന്ന കമ്പനിക്ക് നൽകി. കമ്പനിയുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ഗുരുതരമായ പരാതികളെ തുടർന്ന് പ്രവർത്തനം വിലയിരുത്താൻ ഐടി വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രകടനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നും പാലിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല, എഡിറ്റോറിയൽ ടീമുമായി ഗുരുതരമായ വിയോജിപ്പും ഉണ്ടായിരുന്നു. അതേസമയം, മോൺസൺ കേസിൽ ഉൾപ്പെട്ട വിവാദ വനിത അനിത പുല്ലയിലിനെ ലോക കേരള സഭയുടെ സമയത്ത് സഭാ സമുച്ചയത്തിൽ എത്തിച്ചത് ബ്രിട്രെയിറ്റിൻറെ ഇടപെടൽ വലിയ ചർച്ചാവിഷയമായി. വലിയ വിവാദങ്ങൾക്കിടയിലും പുതുക്കിയ കരാർ ഇപ്പോൾ അവസാനിപ്പിക്കുകയാണ്.

കരാർ പ്രകാരം ബിട്രെയിറ്റ് തയ്യാറാക്കിയ സോഫ്റ്റ് വെയർ സഭ ടിവിക്ക് കൈമാറും.  പ്രോഗ്രാം കോ-ഓർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്‍റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, സോഷ്യൽ മീഡിയ കൺസൾട്ടന്‍റ് എന്നീ തസ്തികകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സാങ്കേതിക സഹായം നിയമസഭയിലെ ഐടി വകുപ്പ് നേരിട്ട് ഏറ്റെടുക്കും.