സ്വപ്ന വിജയം നേടിയ പാക് വനിത താരങ്ങളോട് വിവാദ ചോദ്യം

ഇസ്ലാമാബാദ്: നേപ്പാളിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാൻ വനിതാ ഫുട്ബോൾ ടീം. എട്ട് വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പ്രവേശിച്ച പാകിസ്ഥാൻ ടീം അവരുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാലിദ്വീപിനെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തോടെ നാട്ടിലേക്ക് മടങ്ങിയ ടീമിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

ഭൂരിഭാഗം ആളുകളും പാക് വനിതാ ഫുട്ബോൾ കളിക്കാരെ അഭിനന്ദിച്ചു. എന്നാൽ ഗെയിമിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഒരു ചോദ്യം അവരെ ശരിക്കും ഞെട്ടിച്ചു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ റഫീഖ് ഖാന്‍റെ ചോദ്യം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. ഫുട്ബോൾ കളിക്കാരോടുള്ള തികഞ്ഞ അനാദരവിന്‍റെ പ്രകടനമായിരുന്നു പത്രപ്രവർത്തകന്‍റെ ചോദ്യം.

പാകിസ്ഥാൻ ഒരു ഇസ്ലാമിക രാജ്യമാണെന്നും ആ രാജ്യത്തിനായി കളിക്കുമ്പോൾ പെൺകുട്ടികൾ എങ്ങനെയാണ് ഷോർട്സ് ധരിക്കുന്നതെന്നും റഫീഖ് ചോദിച്ചു. ഈ ചോദ്യം കേട്ട് പാക് വനിതാ ടീമിന്‍റെ മുഖ്യ പരിശീലകൻ ആദീല്‍ റിസ്ഖി ഉൾപ്പെടെയുള്ളവർ ഞെട്ടിപ്പോയി. തുടർന്ന് അദ്ദേഹം ആ ചോദ്യത്തിന് ഉത്തരം നൽകി. “വസ്ത്രധാരണ സ്വാതന്ത്ര്യം എന്നത് ഭരണകൂടം ഒരിക്കലും പരിമിതപ്പെടുത്തിയിട്ടില്ലാത്ത ഒന്നാണ്,” റിസ്ഖി തുറന്നടിച്ചു.