‘വിവാദ രംഗം സിനിമയിൽ നിന്ന് നീക്കും’; കടുവയുടെ അണിയറ പ്രവർത്തകർ
ക്ഷമാപണം നടത്തിയിട്ടും വിവാദം തുടരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ചുള്ള രംഗം പൂർണ്ണമായും ഒഴിവാക്കാനാണ് കടുവയുടെ നിർമ്മാതാക്കളുടെ തീരുമാനം. സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും ഇന്ന് സെൻസർ ബോർഡിനെ സമീപിക്കും.
സംഭവത്തിൽ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമാപണം നടത്തിയെങ്കിലും വിവാദം അവസാനിക്കാത്തതിനാൽ രംഗം പൂർണമായും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓരോ സീനും മാറ്റേണ്ടി വന്നാലും സെൻസർ ബോർഡിന്‍റെ അനുമതി വേണമെന്നാണ് ചട്ടം. അനുമതി ഇന്ന് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ, ആ ഭാഗം ഒഴിവാക്കി ഇന്ന് വൈകുന്നേരത്തോടെ തന്നെ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ കഴിയും.
ചിത്രത്തിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രവുമായി പൃഥ്വിരാജ് നടത്തിയ സംഭാഷണം വിവാദമായിരുന്നു. ചിലപ്പോൾ നമ്മുടെ തലമുറകളാണ് നമ്മൾ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുന്നതെന്നായിരുന്നു സംഭാഷണം. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ഇതൊരു മാനുഷികമായ പിഴവായി കണ്ട് ക്ഷമിക്കണമെന്ന് ഷാജി കൈലാസ് അഭ്യർത്ഥിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് പൃഥ്വിരാജും സമ്മതിച്ചു. എന്നാൽ,രംഗം സിനിമയിൽ തുടരുന്നതുവരെ ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരായ അധിക്ഷേപം തുടരുമെന്ന് പലരും ആരോപിച്ചു.