കൺവെയർ ബെൽറ്റ് തകരാര്‍; റിയാദിൽ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകി
റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് കൊണ്ട് പോകുന്ന കൺവെയർ ബെൽറ്റ് തകരാറിലായതിനെ തുടർന്ന് വിമാന സർവീസുകൾ വൈകി. മൂന്നും നാലും ടെർമിനലുകളിൽ നിന്നുള്ള സർവീസുകളാണ് മണിക്കൂറുകളോളം വൈകിയത്.
സൗദി എയർലൈൻസും നാസ് എയറും പ്രവർത്തിക്കുന്ന ടെർമിനലുകളിലാണ് തകരാർ സംഭവിച്ചത്. കൺവെയർ ബെൽറ്റ് പ്രവർത്തനം തകരാറിലായതോടെ ലഗേജ് നീക്കം തടസ്സപ്പെട്ടു. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് രാവിലെ 10.50ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം ഉച്ചയ്ക്ക് 1.30നാണ് പറന്നുയർന്നത്. പല രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളും വൈകി. ഉച്ചയോടെ, തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. തടസ്സം നേരിട്ടതിൽ എയർപോർട്ട് അതോറിറ്റി യാത്രക്കാരോട് ക്ഷമാപണം നടത്തി.