ദരിദ്രര്‍ക്ക് 500 രൂപ നിരക്കില്‍ പാചകവാതകം; പ്രഖ്യാപനവുമായി രാജസ്ഥാൻ സർക്കാർ

ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പാചക വാതക നിരക്ക് (എൽപിജി) കുറയ്ക്കുമെന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും ആനുകൂല്യം ലഭിക്കും. അടുത്ത വർഷം ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ആൽവാറിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഉജ്ജ്വല പദ്ധതിക്കു കീഴിൽ പ്രധാനമന്ത്രി ദരിദ്രർക്ക് പാചക വാതക കണക്ഷനുകൾ നൽകുന്നുണ്ട്. എന്നിരുന്നാലും, സിലിണ്ടർ ഒഴിഞ്ഞു കിടക്കുകയാണ്. സിലിണ്ടറിന് നിലവിൽ 400 മുതൽ 1,040 രൂപ വരെയാണ് വിലയെന്നും ഈ സാഹചര്യത്തിലാണ് തന്‍റെ സർക്കാർ ആനുകൂല്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗെഹ്ലോട്ടിന്‍റെ പ്രഖ്യാപനം. ഗെഹ്ലോട്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. 1,700 ഓളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറക്കാൻ കഴിഞ്ഞ സർക്കാരിന്റെ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു.