ചൂതാട്ട കമ്പനിയുമായി സഹകരണം; ഷാക്കിബ് അൽ ഹസൻ വീണ്ടും വിവാദക്കുരുക്കിൽ

ധാക്ക: ഒത്തുകളി ശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിക്കാത്തതിന്‍റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചൂതാട്ട കമ്പനിയായ ‘ബെറ്റ്‌വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് ഷാക്കിബ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അന്വേഷിക്കാൻ തീരുമാനിച്ചു. ഷാക്കിബിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും തീരുമാനമായിട്ടുണ്ട്.

ബംഗ്ലാദേശ് നിയമമനുസരിച്ച് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് കർശന വിലക്കുണ്ട്. ചൂതാട്ട കമ്പനികൾ നടത്തുന്നതും സഹകരിക്കുന്നതും നിയമത്തിനും ഭരണഘടനയ്ക്കും എതിരായ നടപടിയായാണ് ബിസിബി കണക്കാക്കുന്നത്.

ചൂതാട്ട കമ്പനിയുമായുള്ള ബന്ധം മുൻകൂട്ടി അറിയിക്കാത്തതിന് ഷാക്കിബിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്‍റ് നസ്മുൽ ഹസൻ പറഞ്ഞു.