ഭാരത് ജോഡോ യാത്രക്കിടെ വെള്ളമെത്തിക്കാന്‍ വൈകിയതിന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വെള്ളം എത്തിക്കുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് കോര്‍പ്പറേഷന്‍ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വെഹിക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലിജു ഗോപി എന്നിവരെയാണ് മേയർ പ്രസന്ന ഏണസ്റ്റ് സസ്പെൻഡ് ചെയ്തത്.

പേവിഷപ്രതിരോധ പരിപാടിക്ക് പോകാന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ഡ്രൈവര്‍മാര്‍ എത്താന്‍ വൈകി. ഈ സമയത്ത് ടാങ്കര്‍ ലോറി ജീവനക്കാരെ ഡ്രൈവറായി നിയോഗിച്ചു. ഇതോടെ ടാങ്കര്‍ ലോറി ഓടിക്കാന്‍ ആളില്ലാതായി. രാവിലെ 8 മണിക്ക് എത്തിക്കാമെന്ന് പറഞ്ഞ വെള്ളം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിതരണം ചെയ്തത്. പണം നൽകിയിട്ടും വെള്ളം നൽകുന്നതിൽ കാലതാമസം നേരിടുന്നതായി കാണിച്ച് യാത്രയുടെ സംഘാടക സമിതി കോ-ഓർഡിനേറ്റർ അൻസാർ അസീസ് മേയർ പ്രസന്ന ഏണസ്റ്റിന് പരാതി നൽകിയിരുന്നു.