കോർപ്പറേഷൻ കത്ത് വിവാദം; ക്രൈം ബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം: കത്തു വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മേയറോട് സമയം തേടിയിട്ടുണ്ട്.

ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അതിനാൽ, അവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

കത്തിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് ആരാണ് എഴുതിയതെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.