പ്രഗതി മൈതാന്‍ ഇടനാഴി സന്ദർശനത്തിനിടെ മാലിന്യങ്ങള്‍ നീക്കംചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രധനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടന ശേഷം ഇടനാഴി സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി അവിടെ ഉള്ള മാലിന്യം നീക്കി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

തുരങ്കം സന്ദർശിച്ച പ്രധാനമന്ത്രി പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതു കാണാം. സ്വച്ഛ് ഭാരത് ദൗത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞ് നിരവധി പേർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും രാവിലെ 10.30നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് പദ്ധതി പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊരു പുതിയ ഇന്ത്യയാണ്. പ്രശ് നങ്ങൾ പരിഹരിക്കാനും പുതിയ പ്രതിജ്ഞകൾ സ്വീകരിക്കാനും അവ നിറവേറ്റാനും പുതിയ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി, സോം പ്രകാശ്, അനുപ്രിയ പട്ടേൽ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.