രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം ശ്രീഹരിക്കോട്ടയിൽ

ചെന്നൈ: സ്വകാര്യ റോക്കറ്റിന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാർത്ഥ്യമായി. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു.

ഐഎസ്ആർഒ, ഇന്ത്യൻ സ്പേസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച വിക്ഷേപണ കേന്ദ്രത്തിൽ അഗ്നികുലിന് ഒരു ലോഞ്ച് പാഡും കൺട്രോൾ സിസ്റ്റവുമുണ്ട്. വിക്ഷേപണത്തറയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള കൺട്രോൾ സെന്ററിന് ഐഎസ്ആർഒയുടെ കൺട്രോൾ യൂണിറ്റുമായി വിവരങ്ങൾ കൈമാറാനും കഴിയും. ബഹിരാകാശ സാങ്കേതികവിദ്യ ജനങ്ങളിലേക്കെത്തുന്നതിന്‍റെ പ്രതീകമാണ് പുതിയ വിക്ഷേപണത്തറയെന്ന് അഗ്നികുൽ സിഇഒ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.

ഇന്ത്യയിലെ ഒരു സ്വകാര്യ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് നവംബർ 18ന് പരീക്ഷിച്ചിരുന്നു. ഹൈദരാബാദിലെ സ്കൈറൂട്ട് എയ്റോസ്പേസ് നിർമ്മിച്ച വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിനുപയോഗിച്ചത് ഐഎസ്ആർഒയുടെ വിക്ഷേപണത്തറയാണ്. അഗ്നികുൽ നിർമ്മിച്ച അഗ്നിബാൺ റോക്കറ്റിന്‍റെ വിക്ഷേപണം അടുത്ത വർഷം നടക്കും. 100 കിലോഗ്രാമിൽ താഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റർ വരെ ഉയരമുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കാൻ അഗ്നിബാണിന് കഴിയും. ആദ്യ വിക്ഷേപണത്തിൽ ഉപഗ്രഹ മാതൃക പരീക്ഷിക്കും.