അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിക്ക് അനുകൂല വിധിയുമായി കോടതി

ന്യൂഡൽഹി: എടപ്പാടി കെ പളനിസ്വാമിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച് തിരഞ്ഞെടുപ്പ് ശരിവച്ചു. ഒ പനീർശെൽവത്തെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതും, ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി കെ പളനിസ്വാമിയെ നിയമിച്ചതുമാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ വിധി.

നേരത്തെ, തീരുമാനങ്ങൾക്ക് ഭരണഘടനാ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പളനിസ്വാമിയുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയിരുന്നു. മുമ്പത്തെപ്പോലെ, കോർഡിനേറ്റർ, ജോയിന്‍റ് കോർഡിനേറ്റർ എന്നീ നിലകളിൽ പാർട്ടിയുടെ ഭരണനേതൃത്വത്തിൻ തൽക്കാലം തുടരാൻ നിർദ്ദേശം നൽകി. പുതിയ ജനറൽ കൗൺസിൽ യോഗത്തിന് ശേഷം നേതൃതലത്തിൽ മാറ്റങ്ങൾ തീരുമാനിക്കാമെന്നും ജസ്റ്റിസ് ജി ജയചന്ദ്രന്‍റെ ഉത്തരവിൽ പറയുന്നു.

പാർട്ടിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ജനറൽ കൗൺസിലിന്‍റേതാണെന്നും നിയമപരമായ വഴിയിലൂടെ തന്നെ അത് സ്ഥാപിക്കുമെന്നും എടപ്പാടി വിഭാഗം പ്രതികരിച്ചിരുന്നു. ജയലളിതയുടെ കാലത്ത് ചെയ്തതുപോലെ ഇരട്ടനേതൃത്വത്തിൽ നിന്ന് ഒറ്റനേതൃത്വത്തിലേക്കു പാർട്ടിയെ മാറ്റാനാണ് എടപ്പാടി വിഭാഗം ചരടുവലിച്ചത്.