ഷംന കാസിമിനെ തടവിലാക്കാൻ ശ്രമിച്ച 10 പ്രതികളും ഹാജരാകാൻ കോടതി ഉത്തരവ്
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഷംനയുമായി വിവാഹാഭ്യർത്ഥനയുമായി എത്തിയ ഹാരിസും റഫീഖും ഉൾപ്പെടെ 10 പ്രതികളോടും ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്റഫ്, അബ്ദുൾ സലാം, മുഹമ്മദ് ഹാരിസ്, റഹീം, കെ.കെ.അബൂബക്കർ, നജീബ് രാജ, ജാഫർ സാദിഖ് എന്നിവർ ഡിസംബർ 12ന് ഹാജരാകണമെന്ന് ജില്ലാ ജഡ്ജി ഹണി എം.വർഗീസ് നിർദ്ദേശിച്ചു.
സ്വർണക്കടത്ത് ആവശ്യവുമായാണ് സംഘം ഷംനയെ സമീപിച്ചത്. ഷംന വിസമ്മതിച്ചതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവരടങ്ങുന്ന സംഘം വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.