കോടതി ജാമ്യം തള്ളിയത് 8 തവണ; ജയിൽ ചാടി പ്രതി
കോട്ടയം: കോട്ടയം സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെപ്പറ്റി സൂചന ലഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം പ്രതി സുഹൃത്തിന്‍റെ അടുത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ എട്ട് തവണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇന്നലെ ഇയാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.
പൊലീസ് സ്റ്റേഷൻ മുന്നിൽ വച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ ബിനുമോൻ ആണ് പൊലീസിനെ കബളിപ്പിച്ച് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനുമോൻ സബ് ജയിലിന്‍റെ അടുക്കള ഭാഗത്തുകൂടിയാണ് രക്ഷപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുന്നിൽ വെച്ചാണ് ഇയാൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സബ്ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു.
സബ് ജയിലിന്‍റെ അടുക്കളയിൽ പലക വച്ചാണ് ബിനുമോൻ രക്ഷപ്പെട്ടത്. മതിൽ ചാടിക്കടന്ന് റോഡിൽ എത്തിയ ഇയാൾ ഇവിടെ നിന്ന് കെ.കെ റോഡിലേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. കെ.കെ. റോഡിൽ എത്തിയപ്പോൾ ഇയാൾ ഏതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വിട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. രാവിലെ സെല്ലിൽ നിന്ന് ഇറക്കിവിട്ട ശേഷം അടുക്കളയിൽ ഡ്യൂട്ടിക്കെത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്.