ചൈനയിലെ കോവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യസംഘടന
ജനീവ: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് നിരക്ക് ഉയരുകയാണ്. ചൈനയിൽ മരണമടയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്. ഇതോടെ കൊവിഡ് നിരക്ക് വീണ്ടും കുത്തനെ ഉയരുകയാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയുടെ ആരോഗ്യ സംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അദാനം പറഞ്ഞു.
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ നിരോധനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന പരാമർശിച്ചു. വ്യാപനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ രാജ്യങ്ങൾ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് മനസ്സിലാക്കാമെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.