ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് അമേരിക്ക
വാഷിങ്ടണ്‍: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് അമേരിക്ക. ചൈനയിലെ സ്ഥിതിഗതികൾ ഗൗരവമായി കാണണമെന്നും വൈറസിന്‍റെ വ്യാപനം മറ്റ് രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.
സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ പുതുവർഷത്തിന്‍റെ തുടക്കത്തിൽ ബീജിംഗിലേക്ക് അയയ്ക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയിലെ രോഗബാധകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക വിശ്വസിക്കുന്നു.
സീറോ-കോവിഡ് നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുടെ പിന്നാലെ ചൈനയിലെ കേസുകൾ വർദ്ധിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഫലപ്രദമായി കോവിഡിനെതിരെ പോരാടി എന്ന പ്രതീതി സൃഷ്ടിക്കാൻ ചൈന കോവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു.