ചൈനയിൽ കോവിഡ് പിടിമുറുക്കുന്നു; കേസുകളിൽ വൻ വർദ്ധന

ബെയ്ജിങ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുന്ന ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 13നു ശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത്. ഏപ്രിൽ 13ന് 28,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡിന്‍റെ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പെടെ സീറോ-കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം, ഒറ്റയടിക്ക് കേസുകളുടെ വർദ്ധനവ് വലിയ തിരിച്ചടിയാണ്. സീറോ-കോവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈന തയ്യാറെടുക്കുന്നതിനിടെയാണ് കേസുകളുടെ കുത്തനെയുള്ള വർദ്ധനവ്.

സർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ബലത്തിൽ മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്ക് പുതിയ സാഹചര്യം വലിയ ആഘാതമായിരിക്കുകയാണ്. ഓഹരി വിപണി ഇന്ന് കുത്തനെ ഇടിഞ്ഞു. നിക്ഷേപകർ പിന്മാറ്റസൂചനകള്‍ നല്‍കിത്തുടങ്ങി. വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ റിസര്‍വ് റിക്വയര്‍മെന്റ് റേഷ്യോയില്‍ ഇളവ് വരുത്താൻ ഷി ജിൻപിംഗിന്‍റെ സർക്കാർ ഉടൻ തീരുമാനം എടുത്തേക്കും.