കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യുഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രം അവലോകന യോഗം വിളിച്ചു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. ഉയർന്ന കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങൾക്ക് ക്ലസ്റ്റർ കേന്ദ്രീകൃത പരിശോധന ഊർജിതമാക്കാൻ നിർദ്ദേശം നൽകിയേക്കും.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടിയിരിക്കുകയാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 12,249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപ വകഭേദങ്ങൾ വ്യാപിക്കുന്നതായി പഠനം കണ്ടെത്തി.

സംസ്ഥാനങ്ങളിലെ വാക്സിനേഷൻ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ വകഭേദങ്ങൾ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ടിപിആർ 7 കടന്നു.