കോവിഡ് ഭേദമായില്ല; സോണിയ ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരായേക്കില്ല

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ മുന്നിൽ ഹാജരായേക്കില്ല. കോവിഡ്-19 സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്നതിനാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ സോണിയ ആവശ്യപ്പെട്ടതായാണ് വിവരം.

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ജൂൺ രണ്ടിന് സോണിയയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ച് ഐസൊലേഷനിൽ പ്രവേശിച്ചു. കോവിഡ്-19 പരിശോധനാഫലം നെഗറ്റീവ് അല്ലാത്തതിനാൽ സോണിയയ്ക്ക് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കഴിഞ്ഞേക്കില്ല.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) കടബാധ്യതകളും ഓഹരികളും യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി വാങ്ങിയതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.