കോവിഡ്​ വകഭേദം ഇനിയുമുണ്ടാകുമെന്നും ആശങ്ക വേണ്ടെന്നും വീണ ജോർജ്​

ആ​ല​പ്പു​ഴ: കൊവിഡിന്റെ പുതിയ വകഭേദം ഇനിയും ഉണ്ടാകുമെന്നും അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറോളജിസ്റ്റുകളുടെ പങ്കാളിത്തത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ ഉയർന്നുവന്ന പൊതു അഭിപ്രായമാണ് കോവിഡിന്റെ പുതിയ വകഭേദം വന്നുകൊണ്ടേയിരിക്കുമെന്നുള്ളതാണ്. മൂന്നാം തരംഗത്തിലെ ഓമിക്രോണാണ് അവസാനമായി എത്തിയത്. നിലവിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പുതിയ വകഭേദവും വൈറസുകളും ആശങ്കാജനകമല്ല. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കൊവിഡ് കാലത്ത് ജീവിതശൈലീ രോഗങ്ങളും വില്ലൻമാരായിരുന്നു.

അതിനാൽ, 30 വയസിന് മുകളിലുള്ള എല്ലാവരേയും പരിശോധിക്കാൻ സർക്കാർ ജനകീയ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.