കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: കണ്ണൂരിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു. ചാലയിലെ ഷിജിത്തിന്റെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളിൽ ഒന്നും പശു പോയിരുന്നില്ല. മേയർ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തി. സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്യും. അതിനനുസരിച്ചുള്ള നടപടികൾ ഉടൻ ആരംഭിക്കും. പശുവുമായി അടുത്ത് ഇടപെഴകിയ ആൾക്കാർക്കുള്ള കുത്തിവെപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.