പ്രായപരിധി കർശനമായി നടപ്പാക്കാനൊരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം
ഡൽഹി: പാർട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാനാണ് സിപിഐയുടെ തീരുമാനം. ആർക്കും 75 വയസ്സ് പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. പാർട്ടി കോൺഗ്രസിലെ വിവിധ റിപ്പോർട്ടുകളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രായപരിധിയെച്ചൊല്ലി കേരളത്തിൽ പരസ്യയുദ്ധം ഉണ്ടായതിനെ തുടർന്നാണ് സിപിഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുന്നത്. പ്രായപരിധി സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുമ്പോഴും പാർട്ടി കോണ്‍ഗ്രസില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വിഭാഗീയ ശബ്ദമുയർത്തിയ നേതാക്കൾ. എന്നാൽ പ്രായപരിധിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തിയിരിക്കുന്നത്.
പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളില്ലെന്ന സംഘടനാ റിപ്പോർട്ടിലടക്കം സ്വയം വിമർശനം ഉയർന്നതിനെ തുടർന്നാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിച്ചത്. കനയ്യ കുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് പോയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ, ഒരുപക്ഷേ ഇളവ് നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ വോട്ടെടുപ്പ് വേണ്ടിവരും. നേരത്തെ പ്രായപരിധി സംബന്ധിച്ച് തീരുമാനമെടുത്ത സിപിഎം പി.ബിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എസ്.രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.