സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് അടിമാലിയിൽ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 10 നിയോജകമണ്ഡലങ്ങളിൽ നിന്നായി 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 28ന് പൊതുചർച്ചയും സമാപന ദിവസമായ 29ന് ജില്ലാ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും.

നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ.ഇ. ഇസ്മായിൽ വിഭാഗത്തിന് മേൽക്കൈയുള്ള ജില്ലയാണ് ഇടുക്കി. കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ എന്നിവർക്കാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്കുളള സാധ്യത. അതേസമയം, ബഫർ സോൺ വിഷയത്തിൽ കൃഷിമന്ത്രി പി. പ്രസാദിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ദേവികുളം താലൂക്കിൽ 27ന് അതിജീവന പോരാട്ടം വേദി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു.