സർക്കാർ വീഴ്ചകൾ അക്കമിട്ട് പറഞ്ഞ് സിപിഐ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിലും മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സി.പി.ഐയുടെ രാഷ്ട്രീയവും സംഘടനാപരവുമായ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ വീഴ്ചകൾ പരാമർശിക്കുന്നുണ്ടെങ്കിലും സി.പി.എം പതിവുള്ള കടുത്ത വിമർശനങ്ങൾക്ക് മുതിരാത്തത് ശ്രദ്ധേയമാണ്.

എൽ.ഡി.എഫ് പ്രകടനപത്രികയിൽ പരാമർശിച്ച സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ ഭൂമി നഷ്ടപ്പെടുന്നവരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം. ജനങ്ങളെ വിശ്വസത്തിലെടുത്ത് നടപ്പിലാക്കേണ്ട പദ്ധതി എൽഡിഎഫ് സർക്കാരിന് എതിരാകാതെ കരുതലോടെ നടപ്പിലാക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

യു.എ.പി.എ നിയമത്തെ ദേശീയ തലത്തിൽ ഇടതുപക്ഷം ശക്തമായി എതിർക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അത് അപൂർവമായെങ്കിലും പ്രയോഗിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പിന്തിരിപ്പൻ നിയമങ്ങൾക്കെതിരെ ശബ്ദമുയർത്താനുള്ള ഇടതുപക്ഷത്തിന്‍റെ ധാർമ്മിക അവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് വേട്ടയുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും കൊലപാതകങ്ങളും വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.