ഗവര്‍ണർക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

ഓർഡിനൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ തർക്കം തുടരുന്നതിനിടെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ഗവർണർ സ്ഥാനം പാഴാണെന്നും ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നും ജനയുഗം മുഖപ്രസംഗം വിമർശിച്ചു. കേരളത്തിൽ ബി.ജെ.പി പ്രതിനിധിയില്ലാത്തതിന്‍റെ പോരായ്മകൾ ഗവർണർ നികത്തുകയാണെന്നും സിപിഐ മുഖപത്രം ആരോപിച്ചു.

‘രാഷ്ട്രീയം കളിക്കുന്ന കേരളത്തിന്‍റെ ഗവർണർ’ എന്ന തലക്കെട്ടിലാണ് ജനയുഗം ദിനപത്രത്തിലെ ഇന്നത്തെ മുഖപ്രസംഗം. രാജ്ഭവനെ രാഷ്ട്രീയ വേദിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിക്കുന്നതിനെ എഡിറ്റോറിയൽ വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സംസ്ഥാനത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്താൻ നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന ഗവർണറുടെ പിടിവാശിയേയും മുഖപത്രം വിമർശിച്ചു.

സംഘപരിവാർ തട്ടകത്തിൽ നിന്ന് ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രാഷ്ട്രീയ നിലപാട് സ്വീകരിച്ച് സംസ്ഥാനത്തെ ഭരണനിർവഹണത്തെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് സിപിഐയുടെ ആരോപണം.