കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം അപരിഹാര്യമായ നഷ്ടമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

സമ്മേളനം നടക്കുന്നതിനാൽ ആർക്കും കണ്ണൂരിലേക്ക് പോകാൻ കഴിയുന്നില്ലെന്നും കാനം പറഞ്ഞു. സംസ്ഥാന സമ്മേളന പരിപാടികൾ ഒരു പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. സമ്മേളനവുമായി ബന്ധപ്പെട്ട് നേരത്തെ നടത്താനിരുന്ന സെമിനാറും അനുബന്ധ പരിപാടികളും റദ്ദാക്കി.

അതേസമയം കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. എം വി ജയരാജന്‍റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.